പത്തനംതിട്ട: ജില്ലയിലെ ജനവാസ മേഖലകൾ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ജില്ലാ പഞ്ചായത്ത്. കോന്നി താലൂക്കില്‍ ഉള്‍പ്പെട്ട അരുവാപ്പുലം ചിറ്റാർ,സീതത്തോട്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളും, റാന്നി താലൂക്കില്‍ ഉള്‍പ്പെട്ട വടശ്ശേരിക്കര, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തുകളും, കൊല്ലമുള വില്ലേജ് പരിധിയില്‍പ്പെട്ട വെച്ചൂച്ചിറ, ചിറ്റാർ, റാന്നി ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശങ്ങളും പരിസ്ഥിതി ലോല മേഖലകളില്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കരട് നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്രകാരം ഈ പഞ്ചായത്തുകളെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് പൊതുജനത്തിന്റെ ദൈനംദിന ജീവിത സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജില്ലയിലെ ചിറ്റാർ, സീതത്തോട്, പെരുനാട്, കൊല്ലമുള, തണ്ണിത്തോട്, വടശ്ശേരിക്കര, അരുവാപ്പുലം വില്ലേജുകളെ പൂർണമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ജില്ലാ പഞ്ചായത്ത് യോഗമാണ് പ്രമേയം പാസാക്കിയത്. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.വി. അമ്പിളി പ്രമേയം അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ചിറ്റാര്‍ ഡിവിഷന് മെംബർ ടി.കെ. സജി പ്രമേയത്തെ പിന്താങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജി. സതീഷ് ബാബു, ശ്രീനാദേവി കുഞ്ഞമ്മ, ജൂലി സാബു ഓലിക്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എൻ. സലീം, എസ്. സന്തോഷ് കുമാർ, വൈഷ്ണവി ശൈലേഷ് എന്നിവർ പ്രമേയത്തെ പിന്തുണച്ച് സംസാരിച്ചു.
ജനവാസ മേഖലയും കാർഷിക വൃത്തിയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരുമായ ജില്ലയിലെ ഏഴ് വില്ലേജുകളിലെയും 90 ശതമാനത്തിലധികം വരുന്ന പൊതുജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ, ഈ വില്ലേജുകളെ പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനത്തിൽ നിന്നും പൂർണമായും ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കർഷകരുടെയും സാധാരണക്കാരുടെയും ഉപജീവനത്തെയും അവകാശങ്ങളെയും ഹനിക്കുന്ന ഏതൊരു നീക്കത്തെയും നിയമപരമായും ജനകീയമായും ശക്തമായി നേരിടുമെന്നും പ്രമേയത്തിലൂടെ യോഗം പ്രഖ്യാപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ പഠനങ്ങള്‍ നടത്താതെയാണ് കരട് പ്രഖ്യാപനം നടത്തിയത്. ഇക്കാര്യത്തിൽ പ്രമേയത്തിലൂടെ യോഗം കുടുത്ത പ്രതിഷേധവും രേഖപ്പെടുത്തി. റബ്ബർ ഉൾപ്പെടെയുള്ള പ്രദേശത്തെ പരമ്പരാഗത കാർഷികമേഖല കരട് വിജ്ഞാപനത്തോടെ പ്രതിസന്ധിയിലായിരിക്കുകയാണ്. ലോക പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ശബരിമലയുടെ ബേസ് ക്യാമ്പായ നിലയ്ക്കൽ സ്ഥിതി ചെയ്യുന്ന ത് പെരുനാട് പഞ്ചായത്തിലാണ്.
കരട് വിജ്ഞാപനത്തോടെ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് തടസ്സം നേരിടും. ശബരിഗിരി, കക്കാട് തുടങ്ങി ചെറുതും വലുതുമായ ജലവൈദ്യുത നിലയങ്ങൾ, പമ്പ ഇറിഗേഷൻ പദ്ധതിക്കായി നിർമിച്ചിട്ടുള്ള മണിയാർ ഡാം എന്നിവയുടെ പ്രവർത്തനം അവസാനിപ്പിച്ച് ഇവ ഡീകമ്മീഷൻ ചെയ്യേണ്ടി വരും.
അങ്ങനെ വന്നാൽ കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനോടൊപ്പം പമ്പ ജല സേചനപദ്ധതിയും നിലയ്ക്കും. 6,225 കുടുംബങ്ങളാണ് ഈ മേഖലയിൽ പട്ടയം കിട്ടാൻ അപേക്ഷ നൽകിയിട്ടുള്ളത്. അവരുടെ സ്വപ്നങ്ങളും തകരും. ആശുപത്രികൾ പ്രവർത്തിപ്പിക്കാനോ പുതിയ വ്യവസായ സംരംഭങ്ങൾ സ്ഥാപിക്കാനോ കഴിയാതെ വരും.
റബ്ബര്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത കാർഷികമേഖലയും പ്രതിസന്ധിയിലാവും. കര്‍ഷകര്‍ കുടിയിറക്കപ്പെടുകയോ, സ്വമേധയാ കുടിയറങ്ങുകയ ചയ്യേണ്ടി വരും. ജില്ലയിലെ ഈ വില്ലേജ് പ്രദേശങ്ങളിൽ നേരിട്ടുള്ള ഫീൽഡ് സർവേ നടത്തി ജനവാസ-കാർഷിക അതിർത്തികൾ കൃത്യമായി നിർണയിച്ചു കേന്ദ്ര മന്ത്രാലയത്തിന് അടിയന്തര റിപ്പോർട്ട് നൽകാൻ സംസ്ഥാന സർക്കാർ മുൻകൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രമേയത്തിന്റെ പകർപ്പ് കേന്ദ്ര പരിസ്ഥിതി-വന മന്ത്രാലയം, കേരള സർക്കാർ, പത്തനംതിട്ട ജില്ലാ കളക്ടർ എന്നിവർക്ക് അടിയന്തര തുടർനടപടികൾക്കായി അയച്ചു കൊടുക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു.
അപ്പീൽ പ്രളയം
പരിസ്ഥിതിലോലം കരട് വിജ്ഞാപനത്തിൽ പരാതി നൽകാനുള്ള സമയ പരിധി നാളെ തീരുകയാണ്. ജില്ലയിലെ ഏഴ് വില്ലേജുകളിലെ ജനങ്ങളുടെ ആശങ്ക തുടരുകയാണ്. ഇന്ന് തണ്ണിത്തോട്, പെരുനാട് മേഖലകളിൽ സർവകക്ഷി യോഗങ്ങൾ ചേരും. മൂന്നിന് തണ്ണിത്തോട്ടിലും 3.30 ന് പെരുനാട്ടിലും യോഗം ചേരും.
ഇതിന് ശേഷം വിജ്ഞാപനത്തിനെതിരേ ജനങ്ങളുടെ അപ്പീൽ വനം പരിസ്ഥിതി മന്ത്രാലയത്തിന് മെയിൽ ചെയ്യുന്ന ക്യാമ്പയിനും നടക്കും. കൊല്ലമുളയിൽ 12,000 അപ്പീലും മറ്റിടങ്ങളിൽ 15,000 വീതവും അപ്പീലുകളാണ് ലഭിച്ചിട്ടുള്ളത്. സിപിഎം നേതൃത്വത്തിലാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് ജില്ലാ സെക്രട്ടറി രാജു ഏ--ബ്രഹാം പറഞ്ഞു.